ആറന്മുള: ആറന്മുള ദേശത്തിന്റെ പൊന്നോണം ഇന്ന്. ഉത്തൃട്ടാതി ജലമേള ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പമ്പാനദിയുടെ ആറന്മുള നെട്ടായത്തില്‍ നടക്കും. ചിങ്ങ മാസത്തിലെ ഉത്തൃട്ടാതി നാളിലെ ജലോത്സവത്തോടെയാണ് പന്പയുടെ കരകളിൽ ഓണം നാളുകൾക്ക് പരിസമാപ്തിയാകുന്നത്.
ഉച്ചകഴിഞ്ഞ് 1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് പാര്‍ത്ഥസാരഥി ക്ഷേത്രമതിലകത്തെ ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ഭദ്രദീപം ആചാര അനുഷ്ടാനങ്ങളോടെ സത്രപവലിയനില്‍ കൊണ്ടുവരും. തുടര്‍ന്ന് പരമ്പരാഗതരീതിയില്‍ ഭദ്രദീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ സൂക്ഷിക്കും.
10ന് ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീൻ പതാക ഉയര്‍ത്തുന്നതോടുകൂടി വള്ളംകളിയുടെ പ്രാരംഭചടങ്ങുകള്ക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് ഒന്നിന് പള്ളിയോടങ്ങള്‍ പാർഥസാരഥി ക്ഷേത്രക്കടവില്‍ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് സത്രക്കടവിലും ജവാൻ കടവിലുമായി അണിനിരക്കും.
ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ ശക്തമായ സുരക്ഷയാണ് ആറന്മുളയിലേക്കുള്ള വഴികളിലും ഇരു കരകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. സത്രം കോന്പൗണ്ടിലേക്ക് വിശിഷ്ടാതിഥികൾ ഒഴികെ ആരെയും പ്രവേശിപ്പിക്കില്ല.
മൂന്നിന് മന്ത്രി മോൻസ് ജോസഫ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം. ജോൺ, ആന്റോ ആന്റണി എംപി, അബിൻ വർക്കി എംഎൽഎ എന്നിവർ ഉപരാഷ്ട്രപതിക്കൊപ്പം വേദിയിൽ ഉണ്ടാകും. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരും ആശംസകൾ അർപ്പിക്കും.
51 പള്ളിയോടങ്ങൾ പങ്കെടുക്കും
51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 16 പള്ളിയോടങ്ങളും പങ്കെടുക്കും. ബി ബാച്ചിലെ റാന്നി പള്ളിയോടമാണ് ഇത്തവണത്തെ ജലോത്സവത്തിൽ പങ്കെടുക്കാത്തത്.
ബി ഗ്രൂപ്പിലെ ആദ്യ ഗ്രൂപ്പ് തിരുവോണത്തോണിക്ക് അകന്പടിയായി ക്ഷേത്രക്കടവില്‍ നിന്നും താഴേക്ക് ഘോഷയാത്രയായി വന്ന് മറ്റുള്ള പള്ളിയോടങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് നീങ്ങും. പരന്പരാഗത ആചാരം നിലനിർത്തി തിരുവോണത്തോണിക്ക് അകന്പടിയായാണ് ആദ്യ ഗ്രൂപ്പ് പള്ളിയോടങ്ങൾ നീങ്ങുക. എ ബാച്ച് പള്ളിയോടങ്ങൾ ഒന്‍പത് ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ നാല് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്.
ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാര്‍ട്ടിംഗും ഫിനിഷിംഗും ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ നെഹ്റു ട്രോഫിയിലെ മത്സരഫലം തീരുമാനിക്കുന്ന അതേ സംവിധാനമാണ് ഇക്കുറി ആറന്മുളയിലും ഏർപ്പെടുത്തിയിട്ടുള്ളത്.